Latest Recipes

ചേമ്പ് വട

ചേമ്പ് വട 
By: Sherin Mathew

വാരാന്ത്യം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വന്ന ഫെയിസ് ബുക്ക്‌ മെസ്സജുകൾ ഒക്കെ വെള്ളിയാഴ്ച്ച (ഇന്നലെ) ഇരുന്നു ഓടിച്ചു നോക്കുന്നതിനിടയിലാണ് ഒരു സന്ദേശം എന്റെ കണ്ണിലുടക്കിയത്

"ചേച്ചി പറയുന്ന ഒട്ടുമുക്കാൽ ചേരുവകളും ഞാൻ കണ്ടിട്ട് പോലുമില്ല. കാരണം നമ്മൾ സാദാ നാട്ടിൻപുറമാ....പക്ഷെ ചേച്ചീടെ പോസ്ടിനായി ഞാൻ കാത്തിരിക്കാറുണ്ട് ...എത്ര നന്നായി എഴുതുന്നു ..ഞങ്ങളിൽ ഒരാൾ പോലെ ....ചേച്ചീടെ ഒരു പോസ്റ്റ്‌ വായിച്ചാ ഒരു ദിവസം ഉഷാറാവും..." അങ്ങിനെ നീണ്ടു പോയി ആ മെസേജ്

വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് സന്തോഷവും ഒപ്പം ഒരു തരി വിഷമവും തോന്നി. ഉടൻ തന്നെ മറുപടി ഇട്ടു

" ഹലോ __________, മെസ്സജിനു നന്ദി, ഇയ്യാൾ എവിടെയാണ് സ്ഥലം?"
"ഞാൻ തിരൂര്, മലപ്പുറം, ചേച്ചി കേട്ടിട്ട് കാണില്ല
"ഉണ്ടല്ലോ - തിരൂര് നിയോജകമണ്ഡലം"
"തുഞ്ചത്തെഴുത്തച്ചന്റെ നാടാ ചേച്ചി"
"ഒഫ് കോസ്, ഞാനത് ആദ്യം ഓർക്കണമായിരുന്നു"
"സാരമില്ല ചേച്ചി - പാഠപുസ്തകങ്ങളിൽ ഒതുങ്ങി പോകുന്ന പൈതൃകം"

13 വയസ്സുള്ളപ്പോൾ കേരളം വിട്ട എനിക്ക് ഇത്രേം മലയാളമെങ്കിലും അറിയാമല്ലോ എന്ന് ഞാൻ സന്തോഷിച്ചു". അത് കേൾക്കാൻ ഒരാളെങ്കിലും കാത്തിരിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ ആ സന്തോഷത്തിനു അതിലേറെ മധുരം തോന്നി.

എന്ത് വന്നാലും ഈ നാട്ടിന്പുറത്തുകാരിക്ക് തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം പോസ്റ്റ്‌ ചെയ്യണം എന്ന് മനസ്സിൽ കരുതി. ഒപ്പം നിങ്ങള്ക്കൊരു കഥയും.

ഫ്രിജ് തുറന്നു വെജ് കമ്പാർട്ട്മെന്റ് തപ്പി നോക്കി, പിന്നെ അടുക്കളയിൽ വന്നു നിന്ന് എല്ലാം ഒന്ന് കണ്ണ് കൊണ്ട് പരതി നോക്കി. മോര് കൂട്ടനുണ്ടാക്കിയത്തിന്റെ ബാക്കി ചേമ്പ് ഇരിക്കുന്നു.

പക്ഷെ എന്തുണ്ടാക്കും - നാടൻ വിഭവമല്ലാതെ എന്നാൽ അധികം സങ്കീർണ്ണതകൾ ഇല്ലാത്ത ഒരു ഐറ്റം എന്തുണ്ട്.

അങ്ങിനെ ആണ് ചേമ്പ് കട്ട്ലെറ്റ്‌ ഉണ്ടാക്കാൻ തീരുമാനിച്ചത്. അവൾ വെജിട്ടെരിയൻ ആണെങ്കിലോ എന്ന് കരുതി മുട്ട ഒഴിവാക്കാൻ തീരുമാനിച്ചു

ഈ കട്ട്ലെറ്റ്‌ ഞാൻ അവൾക്കായി സമർപ്പിക്കുന്നു.

ഇത് ഒരു റെസിപി ആയി കാണേണ്ട കേട്ടോ - ഒരു ഗിഫ്റ്റ് ആയി കണ്ടാൽ മതി

ചേമ്പ് വട

ചേമ്പ് - 8 ചെറിയ ഉണ്ട ചേമ്പ് (4 വലുത് ഓരോന്നും രണ്ടായി മുറിച്ചത്)
നന്നായി കഴുകി തൊലിയോട് കൂടി പ്രെഷർ കുക്കെറിൽ വേവിച്ചു തൊലി ഉരിച്ചു ഉടച്ചു വെക്കുക

സവാള - 1 ചെറുത് പൊടിയായി അരിഞ്ഞെടുക്കുക
പച്ചമുളക് - 4 എണ്ണം (എരിവനുസരിച്ച്‌) വട്ടത്തിൽ അരിഞ്ഞെടുക്കുക
ഇഞ്ചി അരിഞ്ഞത് - 2 ടി സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 2 ടി സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
കറിവേപ്പില അരിഞ്ഞത് - 1 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
കുരുമുളക്പൊടി - 1/2 ടി സ്പൂണ്‍
ഗരംമസാലപൊടി - 1 ടി സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റി പിറകെ ഉള്ളിയും അല്പം ഉപ്പും ചേർത്ത് വഴറ്റുക.
ഇനി ഇതിലേക്ക് പച്ചമുളക് ചേർത്ത് വഴറ്റി പിറകെ മഞ്ഞളും കുരുമുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക.
ഇനി മല്ലിയിലയും കറിവേപ്പിലയും ചേർക്കാം.

ഇതിലേക്ക് വെന്തു ഉടച്ചു വച്ചിരിക്കുന്നചേമ്പും ഗരം മസാലയും കൂടി ചേർത്ത് ഇളക്കി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

കൈ വെള്ളത്തിൽ മുക്കി നനച്ചു ചെറു ചൂടോടെ ഉരുളകൾ ഉരുട്ടി കൈവെള്ളയിൽ അമര്ത്തി അത് പരത്തി റൊട്ടിപൊടി (റസ്ക് മിക്സിയിൽ പൊടിച്ച് എടുക്കാം) മുക്കി തവയിൽ വച്ച് മീൻ വറുക്കുന്ന പോലെ അല്പം എണ്ണ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്തെടുക്കാം.

(ഡീപ് ഫ്രൈ ഞാൻ നോക്കി - മുട്ടയില്ലാതതിനാൽ അത് എണ്ണയിൽ വീണു അല്പം കഴിഞ്ഞപ്പോൾ പൊട്ടി തകര്ന്നു. റൊട്ടിപൊടി ചേർത്ത് കുഴച്ചു രുചി കളയാൻ തോന്നിയില്ല - അതുകൊണ്ട് കെബാബ് രീതിയിൽ ഷാലോ ഫ്രൈ ചെയ്തെടുത്തു.)

നോണ്‍ വെജിട്ടെരിയൻസ് മുട്ട അടിച്ചതിൽ വടകൾ മുക്കി അത് റൊട്ടി പൊടിയിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.

അപ്പോൾ നാട്ടിൻപുറത്തുകാരി സഹോദരി.... ഇത് ഉണ്ടാക്കി എന്നെ കാണിക്കണം കേട്ടോ. മല്ലിയില ഇല്ല എന്ന് കരുതി വിഷമിക്കേണ്ട, നമ്മൾ എന്നാ ഈ മല്ലിയിലയൊക്കെ കഴിക്കാൻ തുടങ്ങിയത്? ഇത്തിരി കറിവേപ്പില ഉണ്ടല്ലോ, അത് മതി.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes