Latest Recipes

പിടി കൊഴുക്കട്ട

പിടി കൊഴുക്കട്ട 

കുത്തരി (പാലക്കാടൻ മട്ട) - 1 ഗ്ലാസ്‌ (200 - 220 ഗ്രാംസ്)
തലേ ദിവസമേ കഴുകി വെള്ളത്തിൽ കുതിർത്തു വെക്കുക)
തേങ്ങ തിരുമ്മിയത്‌ - 1 ടി കപ്പ്‌ 
ജീരകം - 1 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു

തയ്യാറാക്കുന്ന രീതി
അരിയും ബാക്കി ചേരുവകളും കുറേശ്ശെ വെള്ളം ചേർത്ത് അരച്ച് എടുക്കുക (ആദ്യം 1/2 ടി കപ്പ്‌ വെള്ളം ഒഴിച്ച് അരച്ച് തുടങ്ങുക, പിന്നീട് അൽപ്പാൽപ്പം വെള്ളം ചേർത്ത് അരക്കുക) മാവിന്റെ പാകം കൊഴുക്കട്ടക്ക പിടിക്കാനുള്ള പാകം ആയിരിക്കണം.

ഒരു ചട്ടിയിൽ 1 1/2 ടി കപ്പ്‌ വെള്ളം ഒഴിച്ച് തിളക്കുമ്പോൾ കൊഴുക്കട്ടകൾ പിടിച്ചു അതിലേക്കു ഓരോന്നായി പയ്യെ നിക്ഷേപിക്കുക.

കൊഴുക്കട്ടകൾ ഒരു കൈപിടിയുടെ വലുപ്പമേ പാടുള്ളൂ - ചിത്രത്തിലെ പോലെ - അതാണ് വേവിനു പാകം. 10 മിനിറ്റ് കൊണ്ട് വേവാകും.

കൊഴുക്കട്ടയും അല്പം കൊഴുക്കട്ട വെന്ത ചാറും, അങ്ങിനെയാണ് ഇത് വിളമ്പുന്നത്.

കോഴി മപ്പാസ്‌, പോത്ത്/കാള പെരളൻ, കടല കറി, തീയൽ, മീങ്കറി ഇവയൊക്കെ കൂട്ടി കഴിക്കാം - ഇതൊന്നുമില്ലെങ്കിലും പഴവും കൊഴുക്കട്ട വെന്ത വെള്ളവുമായും കഴിക്കാം (ആ കൊച്ചു ഗ്ലാസിൽ ഇരിക്കുന്നത് കൊഴുക്കട്ട വെന്ത വെള്ളമാണ്)

______________________________________________________

ഇനി ഇതിന്റെ പിന്നാമ്പുറത്തുള്ള കഥ കൂടി പറയട്ടെ - ഇല്ലേൽ മോശമല്ലേ?? (ആർക്കു?? ആ!!!)

ഒരു ചട്ടി കൊഴുക്കട്ട സ്നേഹം (ഒരു ചാക്ക് ഉപ്പു എന്നൊക്കെ പറയുന്ന പോലെ)

എൻറെ കൊച്ചുകള്ളി അമ്മായിയമ്മയുടെ സ്പെഷ്യൽ ആണ് ഈ കൊഴുക്കട്ട

എന്നെ കല്യാണം കഴിച്ചു കൊണ്ട് ചെന്ന ദിവസം (അതായതു ഞാൻ എന്ക്രോച് ചെയ്ത് വീട്ടിൽ കയറി പറ്റിയ ദിവസം) ലളിതമായ വിവാഹ ചടങ്ങുകൾ കഴിച്ചു പെണ്ണ് ചെറുക്കൻവീട്ടിൽ വന്നു കയറി

ഗോപലാൻ സാറിന്റെ മോൻ കെട്ടിക്കൊണ്ടു വന്ന നസ്രാണി പെണ്ണിനെ കാണാൻ തിക്കും തിരക്കും

അച്ഛന്റേം അമ്മയുടെയും കൂടെ ജോലി ചെയ്യുന്ന സഹാധ്യപകന്മാർ അധ്യാപികമാർ എല്ലാവരും ഉണ്ട് - കുറച്ചു നാട്ടുകാരും

അടുക്കളയിൽ പരുങ്ങി നിന്ന എന്നെ പെട്ടന്നങ്ങോട്ടു കടന്നു വന്ന അച്ഛൻ കൈയ്യിൽ പിടിച്ചു "വാ' എന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയി.

അറക്കാൻ കൊണ്ടുപോകുന്ന ആടിനെ പോലെ ഞാൻ പിറകെ പോയി.

ഇരുപ്പു മുറിയിൽ ചെന്നതും - "ദാ ഇതാണ് പെണ്ണ്"എന്ന് പറഞ്ഞു എന്നെ അവരുടെ മുന്നിലേക്ക്‌ ചുഴറ്റി എറിഞ്ഞു.

ഏറിന്റെ ഊക്കിൽ വെച്ച് പോയ ഞാൻ ബാലന്സ് ചെയ്തു, ഒരു വിഡ്ഢിച്ചിരി ചിരിച്ചു ജാള്യതയോടെ അവർക്ക് നേരെ കൈ കൂപ്പി "നമസ്തേ" എന്ന് പറഞ്ഞു (പിന്നീട് അമ്മ പറഞ്ഞു ആ നമസ്തെയിൽ എല്ലാവരും വീണു പോയി എന്ന് - കല്യാണം നടക്കുന്ന സമയം മുഴുവൻ അമ്മയും അച്ഛനും ആളുകളെ സ്വീകരിക്കുന്നത് കേട്ട് രിഹെര്സ് ചെയ്ത് തയ്യാറാക്കി വെച്ചിരുന്നതാ അത് - എൻറെ ഒരു കാര്യമേ!)

പിറ്റേന്ന് ഞായറഴ്ച - രാവിലെ എഴുന്നേറ്റു അടുക്കളയിൽ വന്നപ്പോൾ അച്ഛനും അമ്മയും എന്തോ സംസാരത്തിൽ ആണ് - അറച്ചറച്ചു അങ്ങോട്ട്‌ ചെന്ന എന്നോട് ദൂരെ പള്ളി മണി മുഴങ്ങുന്നത് സൂചിപ്പിച്ചു അച്ഛൻ പറഞ്ഞു "വേഗം റെഡി ആയാൽ ഞാൻ കൊണ്ടെ വിടാം"

ഞാൻ പറഞ്ഞു "വേണ്ട അച്ഛാ - ഞാൻ അത്ര തീവ്രവാദിയൊന്നുമല്ല"
പക്ഷെ മനസ്സില് അച്ഛനോട് എനിക്ക് ബഹുമാനം തോന്നി - ഒരുപാട് സ്നേഹവും. അമ്മ ചിരിച്ചു കൊണ്ട് എൻറെ കയ്യിൽ പിടിച്ചു (ആ പിടുത്തം ഇന്നും വിട്ടിട്ടില്ല - എപ്പഴും അത് എൻറെ കൈയ്യിൽ അത് മുറുകി കിടക്കുന്നു) - മനസ്സിനെന്തൊരു ലാഘവം തോന്നിയെന്നോ?

അപ്പോൾ പറഞ്ഞു വന്നത് - അമ്മക്ക് എല്ലാം നിസ്സാരം ആണ്. രാത്രി വൈകും വരെ ചുമ്മാ ഇങ്ങനെ കറങ്ങി നടന്നിട്ട് ഒരു 10 മണിയാകുമ്പോൾ എന്നോട് ചോദിക്കും "കൊച്ചീ, രാവിലെ കഴിക്കാൻ എന്നാ" (സ്നേഹം കൂടുമ്പോൾ അക്ഷരമൊക്കെ മാറി കൊച്ചെ എന്നുള്ളത് കൊച്ചീ എന്നൊക്കെ ആവും)
"അമ്മ അരിയിട്ടിട്ടില്ലേ"
"ഇല്ല കൊച്ചെ, ഞാൻ മറന്നല്ലോ" എന്ന് അന്തം വിട്ടു പറയും
പിന്നെ ഓടി പോയി അരിപാത്രം തുറന്നു 2 പൂണി അരി വെള്ളത്തിൽ ഇടും - അപ്പഴേ എനിക്ക് മനസ്സിലാവും പിറ്റേന്നത്തെ പ്രാതൽ.

ഞാൻ രാവിലെ അടുക്കളയിൽ വരുമ്പോഴേക്കും അരകല്ലിൽ അത് അരച്ച് തയ്യാറാക്കി ചട്ടിയിൽ ആയിട്ടുണ്ടാവും. അപ്പചെമ്പിൽ ഏത്തക്ക പുഴുങ്ങാനും വെച്ചിട്ട് കാണും.

കല്യാണം കഴിഞ്ഞ ആയിടക്കു ആ വീടുമായി പൊരുത്തപെടാൻ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു - രണ്ടു തരം ജീവിതരീതികളിൽ ഉള്ളവർ, നഗരജീവിതവും ക്രിസ്ത്യൻ കുടുംബ പശ്ചാത്തലവും പരിഷ്കാരങ്ങളുമായി ഞാൻ ഒരു വശെ - അവർ തനി നാട്ടിൻപുറത്ത്കാരായ സാധാരണ ആൾക്കാർ, പോരെങ്കിലോ അധ്യാപകർ.

എന്തിനും ഏതിനും ചിട്ടകൾ, നിയമങ്ങൾ, രീതികൾ - ആകെ കുഴങ്ങി അങ്കലാപ്പിലായി ഞാൻ

ഒരുപാട് ആശയ സംഘട്ടനങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ. ഒരുപാട് വിഷമിച്ചു - ഞാനും അവരും.

പക്ഷെ ഒന്ന് സംയമനം പാലിച്ചു അവരെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു - പച്ച മനുഷ്യർ, വലിയ വലിയ രീതികളോ കാര്യങ്ങളോ ഒന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവർ, ചുരുങ്ങിയ രീതിയിൽ ജീവിക്കുന്നവർ, ആഡംബരങ്ങളോ ആർഭാടങ്ങളോ കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്തവർ. ഞാൻ അവരുടെ രീതികൾ, ഇഷ്ടാനിഷ്ടങ്ങൾ, രുചികൾ, ദിനചര്യകൾ ഒക്കെ ശ്രദ്ധിച്ചു മനസ്സിലാക്കാൻ തുടങ്ങി.

മരുമകൾ വീടിന്റെ ഭാഗമാണെന്നും, വീടിന്റെ ചുമതല ഇനി മുതൽ അവൾക്കാണെന്നും പഴമക്കാരായ അവർ വിചാരിക്കുന്നതിൽ എന്താണ് തെറ്റ്? അമ്മയുടെ അനുഭവം അതായിരുന്നു എന്ന് പല സംഭാഷങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കി. ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് ആ വീടിന്റെ എല്ലാമായി ഞാൻ. ഫലമോ - അത് നിങ്ങൾക്കറിയാം.

വാഴക്കയും പയറും ചേർത്ത് ഞാനുണ്ടാക്കുന്ന തോരൻ കൂട്ടി ഊണ് കഴിക്കുമ്പോൾ അനിയൻ അമ്മയോട് "എന്തിനാ 200 കൂട്ടാൻ, ഇതൊന്നു മതിയല്ലോ" എന്ന് പറയുന്നത് മുറിയിലിരുന്നു കേട്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്.

ദുബായിൽ വന്ന ശേഷം നാട്ടിൽ ചെല്ലുമ്പോഴും ഒരു ദിവസം പോലും ഒരു ഭാഗത്ത്‌ ഇരിക്കാൻ എനിക്ക് കഴിയാറില്ല - ഞാൻ എപ്പഴും പറയും ഫ്ലൈറ്റ് നേരെ അടുക്കളയിലേക്കാണ് ലാൻഡ്‌ ചെയ്യുന്നത് എന്ന്. എവിടെയെങ്കിലും പോകണമെങ്കിലും പ്രാതൽ, ഉച്ചയൂണ് എന്നിവ തയ്യാറാക്കിയതിനു ശേഷം മാത്രമേ എനിക്കാ വീടിന്റെ പടിയിറങ്ങാൻ സാധിക്കാറുള്ളൂ.

ചില അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടെങ്കിലും അതൊരു കടമയായി ഞാൻ കാണുന്നു - എന്നോട് അവർക്കുള്ള സ്നേഹവും വിശ്വാസവും കളഞ്ഞു പോവാതെ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്നു

ഒരു വേദ വാക്യം പോലെ ഞാൻ മനസ്സിൽ ഓർക്കാറുള്ള ഒരു കാര്യമുണ്ട് " അവർക്ക് പ്രായം 72 ഉം 84 ഉം. ഇനി എത്ര നാൾ കൂടി അവർ നമ്മളോടൊപ്പം ഉണ്ടാവും? 72 ഉം 84 ഉം വര്ഷത്തെ ജീവിത രീതികളും ആശയങ്ങളും പാടെ തുടച്ചു നീക്കി അവരെ നമ്മുക്ക് ന്യു ജെനറേഷൻ ആക്കാൻ ഒരിക്കലും കഴിയില്ല - പോരെങ്കിൽ അവർ ഈ ലോകത്ത് നടക്കാത്ത കാര്യങ്ങളോ രീതികളോ ഒന്നുമല്ലല്ലോ ആവശ്യപ്പെടുന്നത് - അവരുടെ കാലഘട്ടത്തെ രീതികൾ - അത് നമ്മള്ക്കും മനസ്സിലാക്കിയാൽ എന്താ കുഴപ്പം? ഇനി അത് കാണിച്ചു തരാൻ ആ കാലഘട്ടത്തിലേക്ക് തിരിച്ചു നടക്കാൻ നമ്മള്ക്ക് സാധിക്കുമോ? അവർ നമ്മളോടൊപ്പം നടന്നു പുതിയ തലമുറയുടെ രീതികൾ കാണുന്നു - പഴയ തലമുറയെ അവരിലൂടെ മനസ്സിലാക്കാനും അന്ഗീകരിക്കാനും നമ്മളും പഠിക്കണം.

ഇപ്പൊ എല്ലാം കോമ്പ്ലിമെന്റ് ആയില്ലേ??

നിങ്ങളുടെ ഭാഷയിൽ ഒരു ഓൾഡ്‌ ജെനറേഷൻ ന്യു ജെനറേഷൻ ഗ്യാപ് മാറിക്കിട്ടാൻ ഈ പോസ്റ്റ്‌ ഒരു പരിധി വരെ ഉപകരിക്കുമെന്ന് ഞാൻ ആശിക്കുന്നു.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes