Latest Recipes

.

ഒരു നല്ല സലാഡ് ആയാലോ

ഒരു നല്ല സലാഡ് ആയാലോ ...?
By : Vinu Nair
പലതരം സാലഡ് റെസിപ്പീസ് കാണാറുണ്ട് , തൈരിൽ കുറെ അരിഞ്ഞ പച്ചക്കറികൾ ഇട്ടിളക്കി ഉപ്പും ചേർത്താൽ സലാഡ് ആയി ,എന്നാൽ അതിലും ശ്രദ്ധിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട്...പലപ്പോഴും വീട്ടിലുണ്ടാക്കുന്ന സലാഡുകൾ ചളം കുളമാകാറുണ്ട് ,അതിന്റെ കാരണം മറ്റൊന്നുമല്ല, ഇറച്ചിയും ബിരിയാണിയും നെയ്ച്ചോറും പപ്പടവും ഒക്കെയുണ്ടാക്കി കഴിഞ്ഞു ക്ഷീണിച്ചവശയായി നിൽക്കുമ്പോഴാണ് ഇന്നത്തെ വീട്ടമ്മമാർ ഞെട്ടലോടെഒരു കാര്യം ഓർക്കുന്നത് ...അയ്യോ സാലഡ് ഉണ്ടാക്കാൻ മറന്നു ,പിന്നെ പെട്ടന്നൊരു ഗ്ലാസ്‌ തൈരുമെടുത്ത് രണ്ടും മൂന്നുള്ളിയും തക്കാളിയും അരിഞ്ഞു അരിഞ്ഞില്ലാ എന്ന പോലെ കൂട്ടിച്ചേർത്ത് കുറച്ചു വെള്ളവും ഉഴിചിളക്കി ഉപ്പും ഇട്ട് വയ്ക്കും ...അങ്ങനെ മനസ്സില്ലാമനസ്സോടെയും വയ്യാതെയും ഉണ്ടാക്കുന്ന സലാഡ് എങ്ങനെ നന്നാവും ..? അത് കൊണ്ട് അവസാന നിമിഷം വരെ കാത്തു നിൽക്കാതെ ,ചോറും ഇറച്ചിയും ഒക്കെ വേകുന്ന ഗ്യാപ്പിൽ സലാഡ് ഉണ്ടാക്കുന്നതാണ് നല്ലത് , ഇറച്ചിക്ക് ഉള്ളിയും തക്കാളിയും അരിയുമ്പോൾ സലാടിനുള്ളത് മാറ്റി വയ്ക്കുക .

നല്ല രുചികരവും അഴകൊഴമ്പനുമായ സലാഡ് എളുപ്പത്തിൽ ഉണ്ടാക്കാം.
*********************************************
വേണ്ട സാധനങ്ങൾ --

യോഗർട്ട് അഥവാ നല്ല കട്ടിയുള്ള തൈര് - കൊഴുപ്പില്ലാത്ത പുളിയൻ തൈര് ഒരിക്കലും സലാടിനു എടുക്കരുത്.

സവാള - കുരുകുരാന്നു അരിഞ്ഞത്

സലാഡ് വെള്ളരിക്ക -- നടുക്കത്തെ കുരുവും ചണ്ടിയും കളഞ്ഞു അരിയുക ,കൈപ്പില്ലെങ്കിൽ തൊലി കളയേണ്ട.

തക്കാളി - ഇടത്തരം പഴുത്ത തക്കാളി ,ഉള്ളിലെ കുരുവും ദശയും കളഞ്ഞത് ,സലാടിനു മീതെ വെള്ളം തങ്ങാതിരിക്കാനാണ് കുരു കളയുന്നത്

പച്ച മുളക് - രണ്ടായി കീറി കുരു നീക്കം ചെയ്ത് കുരുകുരാന്നു അരിഞ്ഞത് ,എരിവ് അധികം വേണ്ടങ്കിൽ അറിയാതെ കീറിയിട്ടാൽ മതി.

തൊണ്ടൻ മുളക് - നീളത്തിൽ അരിഞ്ഞ കുരു നീക്കം ചെയ്തത്

ക്യാരറ്റ് - ഗ്രേറ്റ് ചെയ്തത്

ഇഞ്ചി നീര് - ഒരു സ്പൂണ്‍, ഇറച്ചിക്കും മറ്റും അരിയുന്ന ഇഞ്ചി അരച്ചുരുട്ടിയത് കൈ കൊണ്ട് അമർത്തി നീരെടുക്കം,അതില്ലെങ്കിൽ ഇഞ്ചി പേസ്റ്റ് ആയാലും മതി .

പശുവിൻ പാലിന് മീതേ വരുന്ന പാൽപ്പാട അല്ലെങ്കിൽ തേങ്ങാ പാൽ, കട്ടിയുള്ളത്

കുരുമുളക് പൊടി

മുളക് പൊടി - ഒന്നോ രണ്ടോ നുള്ള്

നാരങ്ങാ നീര്

വിനാഗിരി

മല്ലിയില

വെളിച്ചെണ്ണ ഒരു സ്പൂണ്‍

ഉപ്പ്

ഉണ്ടാക്കുന്ന വിധം --

സവാളയും മുളക് പൊടിയും നാരങ്ങാ നീരും വിനാഗിരിയും കൂടി ചേർത്ത് കൈ കൊണ്ട് നന്നായി ഞെരിടി ഒരു പത്തു മിനിട്ട് വയ്കുക , അതിലേക്ക് അരിഞ്ഞ മുളകും തക്കാളിയും ക്യാരറ്റും സലാഡ് വെള്ളരിക്കയും കുരുമുളകും വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി വയ്ക്കുക . ഇനി മറ്റൊരു ബൌളിൽ കട്ടിതൈരും ഇഞ്ചിനീരും ഉപ്പും (മുഴുവൻ സലാടിനും വേണ്ട ഉപ്പ്) പാൽപ്പാട അല്ലെങ്കിൽ തേങ്ങാ പാൽ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക , ഇനി ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച് മല്ലിയിലയും തൂവി വിളമ്പാം.

Note - സലാഡ് നല്ലവണ്ണം കുറുകിയിരിക്കണം , കട്ടിയില്ലാത്ത വെള്ളം പോലത്തെ തൈരിൽ ഓടി നടക്കുന്ന സവാള കുഞ്ഞുങ്ങൾ നല്ല സാലഡ്ന്റെ ലക്ഷണമല്ല. പച്ചമുളക് ,തക്കാളി ,വെള്ളരിക്ക എന്നിവയുടെ കുരുവും സവാളയുടെ തണ്ടും ഒന്നും ഉണ്ടാകാൻ പാടില്ല ,മേമ്പോടിക്ക് അല്പ്പം പഞ്ചസ്സാര ചേർത്താൽ നന്നാവും.ക്യാബേജ് ഉണ്ടെങ്കിൽ അതും ആവാം.തൊണ്ടൻ മുളകും വിനാഗിരിയും ഓപ്ഷണൽ ആണ് ,വേണെങ്കിൽ ഒഴിവാക്കാം. ചാട്ട് മസാല ഉണ്ടെങ്കിൽ അതും ചേർക്കാം, ഹൈദരാബാദ് ബിരിയാണിക്ക് കൂടെ കൊടുക്കുന്ന റൈത്തയിൽ അത് ചേർക്കാറുണ്ട്,പ്രത്യേക രുചിയാണ്. സൂപ്പർമാർകെറ്റിൽ കിട്ടും. 
« PREV
NEXT »

2 comments

Our Website is One of the Largest Site Dedicated for Cooking Recipes