Latest Recipes

റഡ്ഡലിയും നിലക്കടല ചമ്മന്തിയും (റവ ഇഡ്ഡലി)

റഡ്ഡലിയും നിലക്കടല ചമ്മന്തിയും (റവ ഇഡ്ഡലി)

ഈ ബ്രേക്ക്ഫാസ്റ്റ് എന്തുണ്ടാക്കണം എന്ന് തലപുകഞ്ഞ നേരം കൊണ്ട് വേറെ വല്ല ഗവേഷണങ്ങൾ നടത്തിയിരുന്നെങ്കിൽ ഇന്ന് വല്ല ശാസ്ത്രഞ്ഞയോ മറ്റോ ആയി ചെറിയ ഒരു നോബേലോ മറ്റോ വാങ്ങി പത്രത്തിലും മാസികകളിളിലുമൊക്കെ മോണാലിസ പോലെ ഒരു വശം ചെരിഞ്ഞു നാടകീയമായി നോക്കി ചിരിക്കുവല്ല അല്ല എന്നാൽ ചിരിക്കുവാണ് എന്ന രീതിയിൽ അങ്ങിനെ ഇരിക്കാമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല - ടൈംസ്‌ ഓഫ് ഇന്ത്യ - അത് തന്നെ!

എന്നാലും ഇതൊരു ആഗോള പ്രശ്നം തന്നെ എന്റെ അടുക്കള ഭഗവതി!

എന്നാലും ഇന്ന് ഫ്രൈഡേ ആയിക്കൊണ്ട്‌ ഒരു ഹോളിഡെ മൂഡാ - ശാബത്ത് ഈസ്‌ ശാബത്ത്, നോ കൊമ്പ്രോമൈസ്. എനിക്ക് വയ്യ നാനൂറ്റൊന്നു ഐറ്റം ഉണ്ടാക്കാൻ

കാബിനെറ്റ്‌ തുറന്നു റവ എടുക്കുന്നു - ഉപ്പുമാവു? വേണ്ട!!! രണ്ടും കൂടി എനിക്ക് ബോംബ്‌ ഇടും (അപ്പനും മോളുമേ)

എന്നാ ഒരു പോംവഴി - ഇത് തന്നെ - റവ ഇഡ്ഡലി - റഡ്ഡലി
അപ്പോൾ ചട്ണിയോ? ഹ്മ്മ് നോക്കട്ടെ

റഡ്ഡലി
റവ - 2 ഗ്ലാസ്‌ (ആ പടം ഒന്ന് നോക്കിക്കോ - അതാ ഗ്ലാസ്‌)
തൈര് - 2 ഗ്ലാസ്‌ (പുളി അധികം ഇല്ലാത്ത കട്ടതൈരാണ്‌ നല്ലത്)
ഈനൊ സോള്ട്ട് - 1 ടി സ്പൂണ്‍

(ഇതിൽ വേണമെങ്കിൽ ഇത്തിരി സവാള കൊത്തിയരിഞ്ഞതും ഇഞ്ചി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കരിവേപ്പിലയോ മല്ലിയിലയോ മറ്റുമൊക്കെ ചേർക്കാം - പക്ഷെ ഇവിടുത്തെ മദാമ്മയുടെ നാക്കിന്റെ വാൾമുന കൊണ്ട് രാവിലെ തന്നെ തട്ടി പോകാൻ താല്പര്യം ഇല്ലാത്ത കൊണ്ട് ഞാൻ ഇതൊന്നും ഇടുന്നില്ല)

അപ്പോൾ ഇത് നന്നായി യോജിപ്പിച്ച് വക്കുക - അവിടെ ഇരിക്കട്ടെ ഒരു 30 മിനിറ്റ്.

ആ സമയം ധാരാളം ഒരു ചട്ണി ഉണ്ടാക്കാൻ. വീണ്ടും ബ്രെയിൻ കുരുങ്ങി - എന്ത് ചട്ണി. സാദാ ചട്ണി വേണ്ട.. നിലക്കടല കുറെ അധികം ഇരിക്കുന്നു - അപ്പോൾ പിന്നെ അത് തന്നെ - ചുമ്മാ അരച്ചാൽ മതി, കടുകും പൊട്ടിക്കേണ്ട കറിവേപ്പിലേം മൂപ്പിക്കണ്ട - സിമ്പിൾ ആൻഡ്‌ ഹംബിൾ. ഹോ സമ്മതിക്കണം!

കടല ചട്ണി
നിലക്കടല - രണ്ടു പിടി (തൊലി ഒന്നും കളഞ്ഞു മിനക്കെടേണ്ട)
തേങ്ങ തിരുമ്മിഉഅത് - 1 പിടി
തക്കാളി - 1 മീഡിയം അരിഞ്ഞ് എടുക്കുക
മല്ലിയില - 1 പിടി
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - 1/2 ടി സ്പൂണ്‍
പച്ചമുളക് - 2 (എരിവു വേണ്ടവർ അതിനനുസരിച്ച്)
വാളൻപുളി - രണ്ടു നുള്ള് (ഇതിനു പകരം അല്പം തൈര് വേണേലും ചേർക്കാം)
ഉപ്പു ആവശ്യത്തിനു

ഇതെല്ലം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.
കടുക് പൊട്ടിക്കണം എന്ന് നിര്ബന്ധം ഉണ്ടോ - എന്നാൽ പൊട്ടിച്ചോ

പക്ഷെ ചട്നിയുടെ അയവു വല്യ പി ടി ഉഷ ആകാതിരിക്കുന്നതാ നല്ലത് - മനസ്സിലായില്ലേ? അതായതു നമ്മുക്ക് 100 മീറ്റെർ 200 മീറ്റെർ 400 മീറ്റർ ഹേർഡിൽസ് ഒന്നും ഓടണ്ട - അല്പം കുറുകി ഇരിക്കട്ടെ

അതാണ് എന്റെ അഭിപ്രായം - എന്താ നിങ്ങളുടെ അഭിപ്രായം? നല്ല അഭിപ്രായമല്ലേ? അഭിപ്രായ വ്യത്യാസം ഉണ്ടോ? എന്നാൽ പിന്നെ എനിക്ക് എതിരഭിപ്രായം ഒന്നുമില്ല - അതല്ലേ നല്ല അഭിപ്രായം? അല്ല ഇവിടെ ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ - എന്നാ ആരും ഒരു അഭിപ്രായം പറയാത്തെ?? ശോ!

ഇനി നിലക്കടല ഇഷ്ടമില്ലാത്തവർ രണ്ടു പിടി പൊട്ടുകടല അരച്ചോളൂ.
അതും ഇഷ്ടമല്ലേ? എന്നാൽ പിന്നെ തേങ്ങയും പച്ചമുളകും ബാക്കി എല്ലാം കൂടി അരച്ചോ
ങ്ങേ! മല്ലിയില ഇഷ്ടമല്ലേ? ഓ ഈ പിള്ളേരടെ ഓരോ കാര്യം
സാദാ തേങ്ങ ചമ്മന്തി അരച്ചോ
അതും മടുത്തോ? ഇഡ്ഡലി പൊടി എങ്കിലും മുക്കി കഴിക്കൂ

ഇനി ആ ഇഡ്ഡലി മാവിൽ ആവശ്യത്തിനു വെള്ളം ചേർത്ത് ഇഡ്ഡലിയുടെ പരുവത്തിൽ കലക്കി ഉപ്പു കൂടി ചേർത്ത് ഇളക്കി ഇഡ്ഡലി തട്ടിൽ നിരത്തി പുഴുങ്ങി എടുത്തോളൂ 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes