Latest Recipes

BUTTER CHICKEN - അഥവാ ബട്ടർ ചിക്കൻ

~~മോത്തി മഹാൽ സ്പെഷ്യൽ മുർഗ് മഖനി~~
~~അഥവാ ബട്ടർ ചിക്കൻ:BUTTER CHICKEN~~
By : Vinu Nair

(ആരും പേടിക്കണ്ടാ ,അധോലോകവും വെടിവയ്പ്പും ഒന്നുമില്ല.. grin emoticon , കുറച്ചു പോത്തുകളും എരുമകളും കർഷകരും മാത്രമേ ഉള്ളു) 
:
:
മുർഗ് മഖനി എന്നാണു ഈ വിഭവത്തിന്റെ യഥാർത്ഥ നാമം , മുർഗ് എന്നാൽ കോഴി ,മഖൻ എന്നാൽ ബട്ടർ , പണ്ട് കാലം മുതൽക്കേ തന്നെ ഈ മുർഗ് മഖനി പഞ്ചാബ് ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പാരമ്പര്യ വിഭവമാണ് ,അവിടങ്ങളിലെ പ്രധാന കൃഷിയും വരുമാന ശ്രോതസ്സും എരുമ ,പോത്ത് വളർത്തലാണ് ,മുപ്പതിനായിരം മുതൽ ഏഴു കോടി വരെ(ഒരെണ്ണത്തിന്) വിലയുള്ള പോത്തുകൾ അവിടെ ഉണ്ട് , പ്രതിമാസം പത്തു ലക്ഷം രൂപ വരെ കർഷകന്റെ പോക്കറ്റിലെക്ക് ഈ എരുമകളും പോത്തുകളും എത്തിക്കുന്നു ,ഇന്നും ഇന്നലെയും തുടങ്ങിയതല്ല അവിടത്തെ എരുമ / പോത്ത് കൃഷി ,അയ്യായിരത്തോളം വർഷം പഴക്കമുണ്ട് .5 കോടി ടണ്‍ എരുമാപ്പാലാണ് പഞ്ചാബ് ,ഹരിയാന പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്ക് അകത്തേക്കും പുറത്തേക്കും പ്രതിവർഷം ഒഴുകുന്നത് ,നല്ല ചുണക്കുട്ടന്മാരായ കൂറ്റൻ പോത്തുകളുടെ ബീജം പല രാജ്യങ്ങളിലേക്കും പ്രത്യുൽപ്പാദനത്തിന് വേണ്ടി കയറ്റി അയക്കുന്നു,അതിൽ നിന്നും മാത്രം കോടികളാണ് ലാഭം. എന്റെ സുഹുർത്ത് അഖിലേഷും അവിടെ ഒരു ബെല്ലാരി രാജയാണ്. കൃഷിക്കാരൻ എന്ന് പറഞ്ഞു എല്ലാരും കളിയാക്കുമെങ്കിലും സ്വന്തമായി BMW ,ഹമ്മർ എന്നീ ആഡംബര കാറുകളിൽ ആണ് സഞ്ചാരം ,ഷിംലയിൽ ആപ്പിൾ എസ്റ്റേറ്റ്‌ , ചണ്ടിഗഡിൽ ഷോപ്പിംഗ്‌ കൊമ്പ്ലക്സ് ,ലുദീയാനയിൽ ഫ്ലാറ്റ് , ജലന്ധറിൽ ഹോട്ടൽ അങ്ങനെ സകലതും ആ മിണ്ടാപ്രാണികൾ കൊടുത്തതാണ് ,അഖിലേഷ് മാത്രമല്ല ,അങ്ങനെ പലരും ഉണ്ട് അവിടെ.ഇനി കാര്യത്തിലേക്ക് കടക്കാം .
:
ധാരാളം എരുമപ്പാൽ ഉള്ളതിനാൽ അത് വച്ചുള്ള കറികളും ശീതള പാനീയവും മരുന്നും മധുർപലഹാരങ്ങളുമാണ് അവർ പരമ്പരാഗതമായി ഉണ്ടാക്കിയിരുന്നത് ,അങ്ങിനെയാണ് എരുമപ്പാലിന്റെ നെയ്യും വെണ്ണയും തൈരും എല്ലാം ചേർത്ത ഈ മുർഗ് മഖനിയുടെ ഉത്ഭവം ,1950 കളിൽ ഗുജ്റാൾ എന്ന വ്യക്തി ഡൽഹിയിലുള്ള തന്റെ മോത്തി മഹാൽ എന്ന ഹോട്ടലിൽ ചില പരിഷ്കാരങ്ങൾ വരുത്തി മുർഗ് മഖനിയെ "ബട്ടർ ചിക്കൻ" എന്ന രൂപത്തിൽ ഇറക്കി എന്നതാണ് വസ്തുത ,അതേ പറ്റി പല പത്ര മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് , ഇന്ന് പല സ്ഥലങ്ങളിലും പല പല രീതിയിലാണ് ബട്ടർ ചിക്കൻ ഉണ്ടാക്കുന്നത് ,നമ്മുടെ ഈ ഗ്രൂപ്പിൽ തന്നെ ബട്ടർ ചിക്കന്റെ വിവിധ വേർഷൻസ് പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട് , ഗ്രാമങ്ങളിൽ അവർ കൽക്കരിയും തന്തൂരിയിലും ചുട്ട ശേഷമാണ് ചിക്കൻ കറിയിൽ ഇടുന്നത്. ഈ റെസിപ്പിയിൽ കുറച്ചു വ്യത്യസ്തമാണ്.ഇതാ മോത്തി മഹാൽ സ്പെഷ്യൽ ബട്ടർ ചിക്കൻ കൂടി ട്രൈ ചെയ്തോളു ,ഈസിയാണ് സംഭവം.
:
വേണ്ട സാധനങ്ങൾ -
----------------------------------------
കോഴി 1 കിലോ - പിഞ്ചു കോഴിയാണ് വേണ്ടത്
സവാള - 4
തക്കാളി -4 പുഴുങ്ങി തൊലി കളഞ്ഞു പേസ്റ്റ് ആക്കിയത്
പച്ച മുളക് - 6 -8 എണ്ണം
വറ്റൽ മുളക് - 8-10 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 സ്പൂണ്‍
അണ്ടിപ്പരിപ്പ് - ഒരു പിടി
ഗരം മസാല വെള്ളം 2 കപ്പ്‌ -- പട്ട ഗ്രാമ്പു ഏലക്ക ജാതി കുരുമുളക് പേരും ജീരകം തുടങ്ങിയവ തുണിയിൽ കിഴികെട്ടി വെള്ളത്തിലിട്ടു തിളപ്പിച്ച്‌ കിഴി മാറ്റി വെള്ളം മാത്രം എടുക്കുക.
ഗരം മസാല പൊടി - 2 സ്പൂണ്‍
കസൂരി മെത്തി - 2 സ്പൂണ്‍
തൈര് - 3 സ്പൂണ്‍
ക്രീം - 2-3 സ്പൂണ്‍ പാൽപ്പാട ശേഖരിച്ചു വച്ചത് ,അല്ലെങ്കിൽ ക്രീം വാങ്ങാൻ കിട്ടും
ബട്ടർ - അരക്കപ്പ്
മൈദ/ അരിപ്പൊടി - 2 സ്പൂണ്‍
ഉപ്പ്
പഞ്ചസാര
:_______________________
തയ്യാറാക്കുന്ന വിധം
-----------------------------------------
ആദ്യം ചിക്കനിൽ ഉപ്പ് ഗരം മസാല തൈര് മൈദ/ അരിപ്പൊടി എന്നിവ ചേർത്ത് നന്നായി മാരിനെറ്റ് ചെയ്ത് ഒന്നോ രണ്ടോ മണിക്കൂർ വയ്ക്കുക.
:
ഇനി ഗ്രേവി ഉണ്ടാക്കാം --

പാൻ ചൂടാക്കി കാൽ കപ്പ്‌ ബട്ടർ ഉഴിച്ചു ചൂടാക്കുക ,(തീ ഒരുപാടു കൂടിയാൽ കരിയുകയും നിറം കറുക്കുകയും ചെയ്യും) ചൂടായ ബട്ടറിലേക്ക് വലിയ കഷ്ണങ്ങളായി മുറിച്ച സവാള അണ്ടിപ്പരിപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക ,മൂത്ത് വരുമ്പോൾ പച്ചമുളക് ,വറ്റല് മുളക് എന്നിവ മുറിക്കാതെ തന്നെ ചേർക്കാം ,മുളകൊന്നു വാടി വരുമ്പോൾ തക്കാളി മുറിച്ചതും ചേർത്തു ഒന്നുടെ ഇളക്കാം , ഇനി 2 കപ്പ് മസാല വെള്ളവും ചേർത്ത് സ്ലോ ഫ്ലെയിമിൽ ഒരു 15 മിനിറ്റ് മൂടി വച്ച് വേവിക്കണം ,കുക്കർ ആണെങ്കില 4-5 വിസിൽ . നന്നായി വെന്ത ശേഷം തീയണച്ചു തണുപ്പിച് സകലതും കൂടി നന്നായി അരച്ച് പേസ്റ്റ് ആക്കണം ,ഈ പേസ്റ്റ് വീണ്ടും ചെറുതീയിൽ ചൂടാക്കി ഉപ്പും കസൂരി മേത്തിയും ചേർത്ത് മൂപ്പിക്കണം ,വെള്ളമയം കൂടുതൽ ആണെങ്കിൽ കുറുക്കിയെടുക്കണം ,വെള്ളമയം കുറവാണെങ്കിൽ മസാല വെള്ളം ചേർക്കാം ,മേമ്പോടിക്ക് അൽപ്പം പഞ്ചസാര കൂടി ചേർക്കുക ,ഗ്രേവി റെഡി .

ഇനി ഒരു പാനിൽ ബാക്കി ബട്ടർ ഉഴിച്ചു ചൂടാക്കി അതിലേക് ചിക്കൻ ഇട്ടു നന്നായി മൂപ്പിക്കുക ,ചിക്കൻ മുക്കാൽ ഭാഗം വെകുന്നത് വരെ ഇത് തുടരണം ,തീ കൂടി കോഴി ബ്രൌണ്‍ നിറം ആകാതെ നോക്കണം ,ഏകദേശം പരുവം ആകുമ്പോൾ അതിലേക്ക് ഗ്രേവി ഉഴിച്ചു ചെറുതീയിൽ ഒരു പത്തു മിനിറ്റു മൂടി വയ്കുക ,ഉപ്പ് കുറവാണെങ്കിൽ ചേർക്കാം ,അതിനു ശേഷം രണ്ടു സ്പൂണ്‍ ക്രീം കൂടി ചേർത്ത് തീയണക്കുക.
ഒരുപാട് ബട്ടർ ചേർക്കുന്നത് കൊണ്ട് എല്ലാവർക്കും ഇത് സ്വീകാര്യമാകില്ല ,എന്നാലും ഒരിക്കൽ എങ്കിലും ട്രൈ ചെയ്യുക , ചപ്പാത്തി ,പൊറോട്ട ,നാൻ ,ഇടിയപ്പം ,അപ്പം ,പച്ചരി ചോർ എന്തിന്റെ കൂടെയും ബെസ്റ്റ് ആണ് ഈ മുർഗ് മഖനി .
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment