Latest Recipes

ഒരു ഊണ് വന്ന വഴി

ഒരു ഊണ് വന്ന വഴി 
By : Sherin Mathew

വീണ്ടും വെള്ളിയാഴ്ച 
ലഞ്ച് എന്തുണ്ടാക്കണം എന്നുള്ള ഒരു ധാരണ ആയിട്ടില്ല 
അടുക്കളയിൽ നിന്ന് കൊടുമ്പിരികൊണ്ട് ആലോചിച്ചു
എന്തുണ്ടാക്കണം??

മാക്സിമം 1 മണിക്കൂർ - അതിൽ കൂടുതൽ ചിലവഴിക്കാനില്ല
നാടൻ പാചകമായാൽ കുറഞ്ഞത് 2 മണിക്കൂർ വേണം - ഊഹൂം ഇല്ല

ഞാൻ പറയാറുള്ളത് പോലെ "നമ്മുക്ക് പടം ഷോലെ ആവണം - അച്ഛനുറങ്ങാത്ത വീടിന്റെ ബജറ്റും" - ടേബിളിൽ എത്തുമ്പോൾ മിന്നണം.

ഏറ്റവും നല്ലത് ബാസ്മതി അരി തന്നെ - ആ പെണ്ണിനെ പറ്റിക്കാനും അതാ ഉത്തമം.

ഇനി അതിനുള്ള അനുബന്ധ കറികൾ എന്തൊക്കെ വേണം? ബാസ്മതി അരിയായത് കൊണ്ട് കറികളുടെ ഒരു നിലവാരവും ശൈലിയും അതിനനുസരിച്ച് വേണം

ഫ്രീസെറിൽ ഒരു ട്രേ ചിക്കൻ ബ്രെസ്റ്റ് ഉണ്ട്

പിന്നെ കുറച്ച പാലക് ചീരയുണ്ട്. ഇലക്കറികൾ പാകം ചെയ്യുമ്പോഴൊക്കെ മനസ്സിൽ വരുന്ന ഒരു രൂപമുണ്ട് - ഇച്ചി (മമ്മിയുടെ മൂത്ത സഹോദരി)

6 വയസ്സിൽ പോളിയോ വന്നു ഇരിപ്പായി പോയ ഞങ്ങളടെ തങ്കമ്മ അമ്മാമ്മച്ചി.. എൻറെ ചെറുപ്പത്തിൽ തങ്കമ്മ അമ്മാമ്മച്ചി എന്നുള്ള വിളി ചുരുങ്ങി തങ്കമ്മാച്ചി ആയി പിന്നെ അത് തങ്കച്ചി ആയി ഏറ്റവും ഇളയ തലമുറ വന്നപ്പോഴേക്ക്‌ അത് ഇച്ചി ആയി മാറി.

ആ വിളി പിന്നെ മാറിയില്ല - ആണ്‍ പെണ്‍ ഭേദമന്യേ പ്രായഭേദമന്യേ, വലുപ്പചെറുപ്പമന്യേ എല്ലാവരും അങ്ങിനെ തന്നെ വിളിച്ചു പോന്നു

അസാധ്യ പാചകക്കാരി ആയിരുന്നു - മാറ്റുരക്കാനാവാത്ത കൈപുണ്യവും.

ചീര, മൈസൂര് ചീര, കോവലിന്റെ ഇല, മത്തന്റെ ഇല, മുരിങ്ങയില, പയറിന്റെ ഇല എന്ന് വേണ്ട കമ്മ്യുണിസ്റ്റ് പച്ച കൊണ്ട് വേണമെങ്കിലും ഇഷ്ടത്തി തോരനുണ്ടാക്കും - അതാണ്‌ ഇച്ചി

എന്നാലും ഇന്ന് നാടൻ വേണ്ട എന്നുള്ള തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്ന്

അപ്പോൾ ഇന്നത്തെ ലഞ്ച് താഴെ കൊടുക്കുന്നു

ചോറ്
4 ഗ്ലാസ്‌ വെള്ളം തിളച്ചപ്പോൾ ആവശ്യത്തിനു ഉപ്പും 1/2 ടി സ്പൂണ്‍ ഷാഹി ജീരകവും 2 ടേബിൾ സ്പൂണ്‍ നെയ്യും ഒഴിച്ച് തിളച്ചപ്പോൾ 2 കപ്പ്‌ ബാസ്മതി അരി ചേർത്ത് തിളച്ചു വന്നപ്പോൾ തീ താഴ്ത്തി വറ്റിച്ചു എടുത്തു

പാലക്
ഒരു ചീനച്ചട്ടിയിൽ ഒലിവെണ്ണ ഒഴിച്ച് 1 ടേബിൾ സ്പൂണ്‍ വെളുത്തുള്ളി നുറുക്കിയതും 4 വറ്റൽ മുളക് പിച്ചിയതും ഇട്ടു മൂപ്പിച്ചു അതിലേക്കു ഒരു മീഡിയം സവാള ചെറുതായി നുറുക്കിയതും അല്പം ഉപ്പും ചേർത്ത് വഴറ്റി മൂത്ത് വന്നപ്പോൾ 1 മീഡിയം തക്കാളി ചെറുതായി നുറുക്കി ചേർത്ത് ഇളക്കി ഒന്ന് വെന്തപ്പോൾ അതിലേക്കു അരിഞ്ഞ പാലക് ചേര്ത് വെള്ളം വലിയുവോളം ഇളക്കി തോർത്തി. പിന്നീട് 1/2 മുറി നാരങ്ങ പിഴിഞ്ഞ് ചേർത്ത് യോജിപ്പിച് എടുത്തു

ചിക്കൻ
സാത്തെ ചിക്കന്റെ രീതി എന്നാൽ ദേശവൽക്കരണം നടത്തി ഒരു റെസിപി

2 പിടി നിലക്കടല (groundnut ) വെള്ളത്തിൽ കുതിരാൻ ഇട്ടു.
3 ബ്രെസ്റ്റ് പീസ്‌ (400 ഗ്രാം) ഓരോന്നും വരഞ്ഞു അല്പം ഉപ്പും വിനെഗരും ചേർത്ത് കുറച്ചു നേരം വച്ചു.
ആ സമയം കൊണ്ട് ഒരു പാനിൽ അല്പം എണ്ണമയത്തിൽ 6 വറ്റൽ മുളക് ചൂടാക്കി എടുത്തു

വറ്റൽ മുളകും നിലക്കടലയും നന്നായ് ചട്ണി ജാറിൽ അരച്ചെടുത്തു

ഒരു പാനിൽ എണ്ണ ഒഴിച്ച് (ഞാൻ കടല എണ്ണ ഒഴിച്ചു - വെളിച്ചെണ്ണയാണ് ഉത്തമം) അതിലേക്കു 1 ടി സ്പൂണ്‍ ഇഞ്ചി നുറുക്കിയതും 1 ടി സ്പൂണ്‍ വെളുത്തുള്ളി നുറുക്കിയതും ചേർത്ത് ഒന്ന് മൂപ്പിച്ചു. പിന്നെ അതിലേക്കു ഒരു മീഡിയം സവാള ചെറുതായി നുറുക്കിയതും അല്പം ഉപ്പും ചേർത്ത് വഴറ്റി. എന്നിട്ട് നിലക്കടല വറ്റൽ മുളക് പേസ്റ്റ് ചേർത്ത് എണ്ണ തെളിയുവോളം വഴറ്റി.

പിന്നീട് ചിക്കനും അല്പം വെള്ളവും (1/2 ടി കപ്പ്‌) ആവശ്യത്തിനു ഉപ്പും ചേർത്ത് ചിക്കൻ വെന്തു ചാറു കുറുകി വന്നപ്പോൾ അതിലേക്കു 2 പിടി ഫ്രൊസെൻ ഗ്രീൻ പീസ്‌ ചേർത്ത് വേവിച്ചു. 1/4 ടി സ്പൂണ്‍ ഗരം മസാല (ഒരു മണത്തിനു മാത്രം) ചേർത്ത് അരപ്പ് ഇറച്ചിയിൽ പൊതിഞ്ഞു വന്ന പരുവത്തിൽ സ്റ്റൊവ് ഓഫാക്കി, മല്ലിയില ചേർത്തു.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment