Latest Recipes

സ്പൈസി ബീഫ് കറി

സ്പൈസി ബീഫ് കറി
By: Suresh Palayil 

ചേരുവകൾ:

ബീഫ് - ഒരു കിലോ (ഇടത്തരം കഷ്ണങ്ങൾ ആക്കി മുറിച്ചത് )
സവാള കനം കുറച്ചരിഞ്ഞത് - 4 എണ്ണം
തക്കാളി അരിഞ്ഞത് - 4 എണ്ണം
പച്ചമുളക് നെടുകെ കീറിയത് - 6 എണ്ണം
കറുവ പട്ട - 3 ചെറിയ കഷ്ണങ്ങൾ
ഗ്രാമ്പു - 8 എണ്ണം
ഏലക്ക - 6 എണ്ണം
തക്കോലം - 2 എണ്ണം
കുരുമുളക് - 15-20 എണ്ണം
പെരുംജീരകം - ഒരു ടേബിൾ സ്പൂണ്‍
ഇഞ്ചി - രണ്ടിഞ്ചു വലുപ്പത്തിൽ ഉള്ള കഷ്ണം തൊലി കളഞ്ഞു ചതച്ചത്.
വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 10 അല്ലി
കറിവേപ്പില - രണ്ടു തണ്ട്
കറുവ ഇല (bay leaf ) - ഒരെണ്ണം
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
തേങ്ങ കൊത്തു - 2 ടേബിൾ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്നു
വെള്ളം - ആവശ്യത്തിനു

ചെയ്യേണ്ട വിധം:

ഒരു പാൻ ചൂടാക്കി കറുവ പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ എണ്ണ ഒഴിക്കാതെ റോസ്റ്റ് ചെയ്തു പൊടിച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക, സവാള നിറം മാറി വരുമ്പോൾ അതിലേക്കു ഇഞ്ചി ചേർത്ത് വഴറ്റുക.

ഇനി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മസാലകളുടെ പച്ച മണം പോകുന്നവരെ വഴറ്റുക. അതിലേക്കു അല്പ്പം വെള്ളം ഒഴിച്ച് 2-3 മിനിട്ട് വേവിക്കുക. ഇതിലേക്ക് തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക

ഇനി ബീഫ് കഷണങ്ങൾ ഇട്ടു, ആവശ്യത്തിനു ഉപ്പു ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇവയെല്ലാം ഒരു പ്രഷർ കുക്കറിലേക്ക്‌ മാറ്റി, ഒരു ടേബിൾ സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് അടച്ചു വെച്ചു 10-15 മിനിട്ട് (അല്ലെങ്കിൽ ബീഫ് വേവുന്ന വരെ) വേവിക്കുക. ഇനി മൂടി തുറന്നു ചാറ് കുറുകുന്നത് വരെ തിളപ്പിക്കുക.

ഇനി ഇതെലേക്ക് പൊടിച്ച മസാല ചേർക്കുക. തീ കുറച്ചു വെച്ച് ചാറ് നിങ്ങളുടെ ആവശ്യാനുസരണം കുറുകുന്നത് വരെ തിളപ്പിക്കുക. (നിങ്ങൾക്ക്‌ ഗ്രേവി കൂടുതൽ വേണമെങ്കിൽ അധിക നേരം തിളപ്പിച്ചു ഗ്രേവി വറ്റിച്ചു എടുക്കേണ്ട ആവശ്യം ഇല്ല)

അവസാനമായി ഒരു പാനിൽ അൽപ്പം എണ്ണ ചൂടാക്കി അതിലേക്കു തേങ്ങ കൊത്തു ചേർത്ത് മൂപ്പിച്ചു ബീഫ് കറിയിലേക്ക് ചേർക്കുക.(നിങ്ങൾക്ക്‌ വേണമെങ്കിൽ തേങ്ങ കൊത്തു ബീഫിനോടൊപ്പം ചേർത്ത് കുക്കറിൽ വേവിച്ചു എടുക്കാവുന്നതാണ് )
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes