Latest Recipes

മുള്ളങ്കി സാമ്പാർ

മുള്ളങ്കി (മൂലി അഥവാ റാടിഷ്) സാമ്പാർ
By: Sherin Mathew

ഈ റെസിപി തരുന്നതിനു മുന്നേ ചില ഇതിവൃത്തങ്ങൾ കൂടി പറയണം
അന്ന് ഞാൻ ഗർഭിണി - എന്ത് തിന്നാലും അത് വയറിന്റെ നിലം കാണുന്നതിനു മുന്നേ പമ്പ്‌ വച്ച് വെള്ളം ചീറ്റുന്ന പോലെ വാളു വെക്കുന്ന ടൈം
ജോലി ആണെങ്കിൽ ഷിഫ്റ്റും - രാവിലെ 8 മുതൽ 12 വരെ, പിന്നെ 4.30 മുതൽ രാത്രി 8 വരെ.
8 എന്നൊക്കെ പറഞ്ഞാൽ ക്ലയന്റ്സ് ഒക്കെ പോയി കിട്ടാൻ ഒരു 9 എങ്കിലും ആകും. ഇതിനിടയിൽ രാവിലെ മുതലുള്ള കലാപരിപാടിയിൽ ആകെ ക്ഷീണിച്ചു തകർന്നിരിക്കും.
അന്നും ഇന്നും ഡ്രൈവിംഗ് ലൈസെന്സ് ഇല്ല - ചുമ്മാ ആരെങ്കിലും വണ്ടി ഓടിച്ചാൽ അതിലിങ്ങനെ ഇരിക്കും അത്ര തന്നെ
അപ്പോൾ, രാവിലെ 7.30 ക്ക് ഒരു ബസ്‌ ഉണ്ട് - അതിൽ ഓടി ചാടി കയറും
കഴിച്ച സാധനങ്ങൾ ഒക്കെ വയറ്റിൽ തന്നെ ഭദ്രമാക്കി നിക്ഷിപ്തമാക്കിയേക്കണേ എന്ന് ഒടേതമ്പുരാനോട്‌ പ്രാർത്‌ഥിച്ചു മേലത്തെ കൊമ്പിലെ മാമ്പഴത്തേൽ കണ്ണെറിയുന്ന കാക്കയെ പോലെ സീറ്റിൽ ചാരി കിടക്കും - ആഹാ നമ്മളൂടാ കളി - താഴോട്ടു നോക്കിയാലല്ലേ കുഴപ്പമുള്ളൂ - തല്ലി കൊന്നാൽ നോക്കില്ല
സ്റ്റോപ്പിൽ ഇറങ്ങിയാൽ ഒരോട്ടമാ - 100 മീറ്റർ ദൂരമുണ്ട് എന്റെ ഓഫീസ് ടവറിലേക്ക്. ഇടയ്ക്കു ഒരു സ്പിട്ടൂണ്‍ (വഴിയിൽ തുപ്പാതെ ഇരിക്കാൻ മുനിസിപാലിറ്റി വച്ചിരിക്കുന്ന വലിയ ഒരു വയിസ്റ്റ് ബോക്സ്‌ കം തുപ്പകോളാമ്പി) അവനാണ് ലക്‌ഷ്യം. ആ ചുറ്റുവട്ടമുള്ള എല്ലാ കടക്കാർക്കും ആയിടെ ആയി എന്നെ നല്ല തിട്ടമാ എന്ന് ഈ അവസരത്തിൽ അറിയിച്ചു കൊള്ളട്ടെ!
അപ്പൊ ബസ്സിൽ കളയാതെ സൂക്ഷിച്ചു ആദ്യത്തെ നിക്ഷേപം ഭദ്രമായി ഇവിടെ ഇടും. പിന്നെ ശ്വാസം ഏറ്റി വലിച്ചു പിടിച്ചു ഓട്ടം - അടുത്ത ലക്ഷ്യത്തിലേക്ക്. എലവേട്ടരിന്റെ മുന്നിലുള്ള സ്പിട്ടൂണ്‍!
ലിഫ്റ്റ്‌ വരാൻ ബട്ടണ്‍ അമര്ത്തി അടുത്ത നിക്ഷേപം നടത്തും
ലിഫ്റ്റിൽ വീണ്ടും മേലേക്ക് നോക്കി നിന്ന് 14)0 നിലയിലേക്ക് - അവിടെ ഒരു ഗാര്ബെജ് ഷൂട്ട്‌ ഉണ്ട് - എന്റെ ഓഫീസ് മുറിയുടെ തൊട്ടടുത്ത് - അതാണ് പിന്നെ അങ്ങോട്ടുള്ള കലാപരിപാടികളുടെ പ്രധാന വേദി
ഇങ്ങനെ ഡിലിവറിയുടെ അന്ന് വരെ മാഡം (അമ്മുവേ - സത്യമായും ഞാൻ കരുതിയത് കുരുത്തം കെട്ട ഒരു ചെറുക്കനായിരിക്കും എന്നാ) എന്നെ ഇട്ടു ഓടിച്ചു - ശ്രീമതി പി റ്റി ഉഷയെ ഞാൻ എന്നും ഓർക്കുമായിരുന്നു. അവർ വെറുതെ കഷപെട്ടു - ഞാൻ നിഷ്പ്രഭം സാധിച്ചേനെ
അപ്പോൾ കഴിച്ചതൊക്കെ പോയേ??
ഇതറിയാവുന്ന എന്റെ സഹപ്രവർത്തക ദീപ (ആൾ എന്റെ പ്രായം എങ്കിലും വലിയ പരിചയസമ്പന്ന - രണ്ടു കുട്ടികളുടെ മാതാവ്) എനിക്ക് ദിവസവും ഇഡലി സാമ്പാർ കൊണ്ടുവരുമായിരുന്നു.
ദീപയുടെ മുള്ളങ്കി സാമ്പാർ എനിക്ക് അമൃതായിരുന്നു - മൃതസഞ്ജീവനി - ഇന്ന് അതാവട്ടെ നിങ്ങള്ക്ക് വേണ്ടി
മുള്ളങ്കി സാമ്പാർ
ആവശ്യം വേണ്ടവ
തുവര പരിപ്പ് - 1 ടി കപ്പ്‌
കുക്കെരിൽ 4 വിസിൽ കയറ്റി വേവിക്കുക
ആ സമയം കൊണ്ട് താഴെ പറയുന്നവ ഒരുക്കാം
മുള്ളങ്കി - ഒരു വലിയത് ചതുര കഷങ്ങൾ ആയി കഷണിച്ചത്
കൊച്ചുള്ളി - 1 പിടി തോല് കളഞ്ഞു രണ്ടായി മുറിച്ചത്
തക്കാളി - 1 വലുത് ചതുര കഷങ്ങൾ ആയി നുറുക്കിയത്
പച്ചമുളക് - ഞെടുപ്പ് കളഞ്ഞു കഴുകി വെക്കുക (പിളർക്കേണ്ട)
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ (നല്ലെണ്ണ അത്യുത്തമം) ഒഴിച്ച് മുള്ളങ്കി, കൊച്ചുള്ളി എന്നിവ അല്പം ഉപ്പുമായി വഴറ്റുക (മുള്ളന്കിയുടെ ഒരു എരിവു ഉണ്ട് - അത് കളയാനാണ് ഈ വിധം വഴട്ടുന്നത്)
ഇനി ഇതിലേക്ക് തക്കാളി പച്ചമുളക് എന്നിവ കൂടി ചേർത്ത് ഒന്നിളക്കി തീ അണക്കാം. എന്നിട്ട് ഇത് വെന്ത പരിപ്പിലേക്ക് ചേർക്കാം.
മുള്ളങ്കി മുക്കാൽ വേവായാൽ (വെന്ത വെള്ളരി പോലെ സുതാര്യമായി വരുന്ന നേരത്ത്) ഒരു ഉരുള പുളി പിഴിഞ്ഞ ചാറും ആവശ്യ വേണ്ട ഉപ്പും ചേർത്ത് വീണ്ടും വേവിക്കുക
ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂണ്‍ മല്ലിപൊടി + 1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ കൂടി ചേർക്കുക. (മുളക്പൊടി ചേര്ക്കാത രീതി ആണ് - ചുവന്ന സാമ്പാർ വേണ്ടുന്നവർ പച്ചമുളക് നീക്കി പകരം 1 സ്പൂണ്‍ മുളക്പൊടി ഉപയോഗിക്കുക)
ചെറിയ തീയിൽ കറി ഒന്ന് തിളച്ചു മല്ലിയുടെ പച്ചമണം ഒന്ന് മാറിയാൽ തീ അണക്കുക
രണ്ടു തണ്ട് കറിവേപ്പിലയും 1 ടി സ്പൂണ്‍ കായപ്പൊടിയും ചേർത്ത് ഇളക്കി കറി അവിടെ മൂടി വക്കുക
താളിക്കാൻ
ഒരു ചീനച്ചട്ടിയിൽ 2 -3 ടേബിൾ സ്പൂണ്‍ എണ്ണ (നല്ലെണ്ണ) ഒഴിച്ച് ഉലുവ മൂപ്പിച്ചു, കടുക് പൊട്ടിച്ചു അതിലേക്കു 1 ടി സ്പൂണ്‍ ഉഴുന്ന് പരിപ്പ് ഇട്ടു മൂപ്പിക്കുക. ഇനി ഇതിലേക്ക് 1/2 ടി സ്പൂണ്‍ ജീരകം ഇട്ടു പൊട്ടിക്കുക (കൂടെ 10 മണി കുരുമുളക് കൂടി ആവാം - വേണ്ടാത്തവർ മറന്നേക്കൂ)
3 കൊച്ചുള്ളി അരിഞ്ഞത് ചേർത്ത് മൂത്താൽ വട്ടല്മുളകും കുറച്ചു കറിവേപ്പില ഊരിയതും ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ഒഴിക്കുക
മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് ഇളക്കി മൂടി വെക്കുക
മുള്ളങ്കി സാമ്പാർ തയ്യാർ!!
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes