Latest Recipes

ഉണ്ണി മധുരം

ക്രിപ് സുസെറ്റ് (crepe suzzette) അഥവാ ഉണ്ണി മധുരം
By: Sherin Mathew
ദൈവാനുഗ്രഹം കൊണ്ട് Z ന്നൊരു അക്ഷരം മലയാളത്തിൽ ഇല്ല (zoo എന്ന് എങ്ങനെയാ നമ്മൾ മലയാളത്തിൽ പറയുന്നത് - സൂ അത്രതന്നെ)
എന്റെ ചിരകാലാഭിലാഷമായിരുന്നു ഇതൊന്നു ഉണ്ടാക്കുക എന്നുള്ളത് - അപ്പോ നിങ്ങൾ വിചാരിക്കും ആ കലക്ക വെള്ളത്തിൽ ഇട്ടു വെച്ചിരിക്കുന്ന രണ്ടു ദോശ ഉണ്ടാക്കാനോ ഞാൻ ചിരകാലമായി അഭിലഷിച്ചു കൊണ്ടിരുന്നത് എന്ന്
ഊഹൂം - അല്ല
ഇതിൽ ഗ്രാൻഡ്‌ മരിനെർ എന്നൊരു കൊണിയാക് (ഓറന്ചിറെ രുചിയുള്ള ഒരു മദ്യം) ഉപയോഗിക്കുന്നുണ്ട് - അതും ഫ്ലാമ്പേ ചെയ്ത്.(അത് തന്നെ - ഈ പാത്രത്തിൽ തീ കയറ്റി കരിക്കുന്ന വിദ്യ)
ഇത് സാക്ഷാൽ ഫ്രെഞ്ച്കാരൻ - കുറച്ചു വർഷങ്ങൾക്ക് മുന്നേ ഒരു ഡിന്നെറിന് ഇത് നേരിട്ട് ഉണ്ടാക്കുന്നത് കണ്ട അന്ന് മുതൽ ഇതൊന്നു പരീക്ഷിക്കണം എന്ന് കരുതുന്നതാണ്.
ഞങ്ങൾ വീട്ടിൽ മധുരപ്രിയർ അല്ലാത്തത് കൊണ്ടും തീ പിടിച്ചു മരിക്കുമോ എന്നുള്ള പേടി കൊണ്ടും അത് നടന്നില്ല .
അപ്പോ പിന്നെ ഈ ഉണ്ണിമധുരം എന്ന് എന്തുകൊണ്ട് ഞാൻ പേര് വിളിച്ചു എന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്
ഒരു ഫ്രെഞ്ച്കാരൻ ഷെഫിനു പറ്റിയ കൈ അബദ്ധമാണ് ഈ ഡിസ്സെട്ട്. ഹെൻറി കപ്പെൻറ്റീർ (Henri Carpentier ) എന്ന ഷെഫിന്റെ ഒട്ടോബൈയോഗ്രഫിയിലുള്ള രസകരമായ ആ സംഭവം രത്നച്ചുരുക്കത്തിൽ ഇങ്ങനെ
ഷെഫ് ഒരു രേസ്റൊരന്റിൽ ജോലിയിലിരിക്കെ ഒരു സന്ധ്യക്ക്‌ അത്താഴത്തിനു രാജകുമാരനും സുഹൃത്തുക്കളും അവിടെ എത്തി. ധൃതിയിൽ പാചകം ചെയ്യുന്നതിനിടയിൽ ഡിസ്സെട്ടിനു ഉപയോഗിക്കാനായി അടുത്ത വച്ചിരുന്ന മദ്യത്തിനു തീ പിടിച്ചെന്നും, അവസാനം അത് അതി രുചികരമായ ഒരു പലഹാരമായി മാറിയെന്നും പ്രിന്സ് അത് അത്യധികം സ്വാദോടെ കഴിച്ചെന്നും, ഈ മധുരത്തിന്റെ പേരെന്താണ് എന്ന് ചോദിച്ചപ്പോൾ ഷെഫ് നമ്മുടെ പവിത്രത്തിലെ ലാലേട്ടനെ പോലെ ആ കൂട്ടത്തിലുണ്ടായിരുന്ന സുസ്സെറ്റ് എന്ന പെങ്കൊച്ചിന്റെ പേരിട്ടെന്നും ചരിത്രം. (ഗൂഗിൾ അപ്പാപ്പനോട് ചോദിച്ചാൽ വിവരിച്ചു പറഞ്ഞു തരും)
ഇത് ഞാൻ ചെയ്തത് ഇങ്ങനെ
ഗ്രാൻഡ്‌ മരിനെർ ഇല്ലായിരുന്നു - പകരം ഞാൻ ഓറഞ്ച് ജ്യൂസും സാധാരണ ബ്രാണ്ടിയും ചേർത്ത് ചൂടാക്കി - തീ കയറ്റി മിനക്കെട്ടില്ല - ബ്രാണ്ടി ഇല്ലാത്തവർ പഞ്ചസ്സാര കരമലൈസ് (കരിച്ചു ബ്രൌണ്‍ ആക്കി അല്പം വെള്ളം ഒഴിച്ച് ഉരുക്കി) ചെയ്ത് ചേർക്കാം.
ആദ്യം പാന്കേക് ഉണ്ടാക്കാം
4 മുട്ട പോട്ടിച്ചതിലേക്ക് 2 ടേബിൾ സ്പൂണ്‍ മൈദാ + 2 ടേബിൾ സ്പൂണ്‍ പഞ്ചസാര + 4 തുള്ളി വനീല എസ്സെന്സ് + 1 നുള്ള് ഉപ്പു + 1 ടേബിൾ സ്പൂണ്‍ വെള്ളം - ഇത്രയും നന്നായി കട്ടയില്ലാതെ കലക്കി (മിക്സിയിൽ അടിക്കാം) ഫ്രിജിൽ 1 മണിക്കൂർ വെക്കുക
ഈ സമയം 120 മില്ലി ഓറഞ്ച് ജ്യൂസും 30 മില്ലി ബ്രാണ്ടി ചേർത്ത് തയ്യാറാക്കി വെക്കുക
ഓറഞ്ചിന്റെ തൊലിയുടെ അകത്തെ വെളുത്ത പാട വലിച്ചുരിഞ്ഞു കളഞ്ഞു അത് കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക (ZEST) - 1 സ്പൂണ്‍
നാരങ്ങയുടെ തൊലിയും ഇതുപോലെ എടുക്കുക - ഒരു ചുറ്റു മാത്രം മതി
100 ഗ്രാം ബട്ടർ ഒരു കുഴിഞ്ഞ വോക്കിൽ ഉരുകുമ്പോൾ അതിലേക്കു ഒരു ചുറ്റു ഓറഞ്ചു ZEST + ഒരു കഷണം നാരങ്ങ ZEST എന്നിവ ഇട്ടു അതിലേക്കു ഓറഞ്ചു ബ്രാണ്ടി മിശ്രിതത്തിൽ 3/4 ഭാഗം ചേർക്കുക. ഒരു കപ്പ്‌ പഞ്ചസാരയും 4 തുള്ളി വാനില എസ്സെന്സ് കൂടി ചേർത്ത് പഞ്ചസാര അലിയട്ടെ.
ഇനി പാൻ അടുപ്പത് വച്ച് ബട്ടെർ മയം പുരട്ടി ഓരോ തവി വീതം ഒഴിച്ച് പാൻ കേക്കുകൾ ചുട്ടെടുക്കുക - അവ ചിത്രത്തിലേത് പോലെ ത്രിഗോണാകൃതിയിൽ മടക്കി സുസ്സെറ്റ് സോസിലേക്ക് (മേലെ ഉണ്ടാക്കി തയ്യാറാക്കി അടുപ്പത് ഇരിക്കുന്ന) ഇടുക.
എല്ലാ പാന്കേക്കുകളും സോസിൽ വീണു കഴിഞ്ഞാൽ തിരിച്ചിട്ടു ബാക്കി ഓറഞ്ചു ബ്രാണ്ടി മിശ്രിതം കൂടി ചേർക്കുക (ഈ അവസരത്തിലാണ് ബ്രാണ്ടി ഫ്ലാമ്പേ ചെയ്യുന്നത് - ഞാൻ ജ്യൂസ്‌ ഉപയോഗിച്ച് ബുദ്ധിപൂർവ്വം ഒഴിവായി)
ഓറഞ്ചു ZEST തൂവി അലങ്കരിക്കാം
ഒരു ഡിസ്സെട്ട് പ്ലേറ്റിൽ രണ്ടു പാന്കേക്കും അല്പം സോസും ഒഴിച്ച് വിളമ്പുക 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes